കാരുണ്യത്തിന്റെ നിറകുടമായി ലോകം വാഴ്ത്തിയ മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നു. ‘മദര്‍ തെരേസ ദി സെയിന്റ്’ എന്ന പേരിലുള്ള ചിത്രത്തിന്‍റെ തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്നത് സീമാ ഉപാധ്യായ ആണ്. ചിത്രത്തിലെ താരനിരയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പ്രദീപ്‌ ശര്‍മ, നിതിന്‍ മന്‍മോഹന്‍, ഗിരീഷ്‌ ജോഹര്‍, പ്രാച്ചി മന്‍മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഭാഗമായി മദര്‍ തെരേസ സ്ഥാപിച്ച കൊല്‍ക്കത്തയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ച സംവിധായക സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ പ്രേമാ മേരി പിയറിയുമായി സംസാരിച്ചു അനുഗ്രഹം തേടി. മദര്‍ തെരേസ ഒരു ആഗോള പ്രതീകമാണെന്നും അവരുടെ അന്താരാഷ്ട്ര പ്രതിച്ഛായയോട് തീര്‍ച്ചയായും തങ്ങള്‍ നീതി പുലര്‍ത്തുമെന്നും സീമാ ഉപാധ്യായ പറഞ്ഞു.

മദര്‍ തെരേസ ഉയര്‍ത്തിപ്പിടിച്ച സമാധാനം, സ്നേഹം, മനുഷ്യത്വം എന്നിവ പ്രചരിപ്പിക്കുവാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ആ പുണ്യാത്മാവിനുള്ള തങ്ങളുടെ സമര്‍പ്പണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020-ല്‍ ചിത്രം റിലീസ് ചെയ്യുവാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി 2003-ല്‍ ‘മദര്‍ തെരേസ ഓഫ് കല്‍ക്കട്ട’എന്ന ഡോക്യുമെന്ററിയും, 2014-ല്‍ ‘ദി ലെറ്റേഴ്സ്‌’ എന്ന ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. മദറിന്റെ ആത്മീയഗുരു ഫാ. സെലസ്റ്റെ വാന്‍ എക്സെമ്മിന് മദറിന് എഴുതിയ കത്തുകളാണ് ദി ലെറ്റേഴ്സിന്റെ ആധാരം.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here