വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി മകുടം ചൂടിയ പ്രഥമ ഭാരതീയ വനിത സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഗോള സഭ ഇന്നു ആചരിക്കുന്നു. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടശേഷമുള്ള രണ്ടാമത്തെ തിരുനാള്‍ ദിനമാണിത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്.

സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്.

ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി എത്തിയിരിന്നു.

Source: www.pravachakasabdam.com

 

 

LEAVE A REPLY

Please enter your comment!
Please enter your name here