യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനും വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും സമൂഹത്തിലെ ഏറ്റവും പാവങ്ങളെ സഹായിക്കാനും തീരുമാനിച്ചതായി പ്രഖ്യാപിക്കുന്ന മാനവികതാ രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയേബും ഒപ്പുവച്ചു. അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ ഇന്നലെ വൈകുന്നേരം നടന്ന മതാന്തര, മാനവികത സമ്മേളനത്തിലാണു ഇരു മതനേതാക്കളും സംയുക്തരേഖയില്‍ ഒപ്പുവച്ചത്.

പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും എല്ലാവരും തയാറാകണമെന്നും പാവങ്ങളെ സഹായിക്കുന്നതിലൂടെയാകണം ദൈവത്തിന്റെ സ്വരം കേള്‍ക്കേണ്ടതെന്നും അബുദാബിയിലെ മതാന്തര സമ്മേളനത്തില്‍ ഇന്നലെ മാര്‍പാപ്പ പറഞ്ഞു.

യുഎഇയിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമല്ലായെന്നും രാജ്യത്തിന്റെ ഭാഗം തന്നെയാണെന്ന് മാര്‍പാപ്പയ്ക്കു പിന്നാലെ പ്രസംഗിച്ച ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് ഇമാനം അഹമ്മദ് അല്‍ തയേബ് പറഞ്ഞു.

വരുന്ന തലമുറയ്ക്ക് മാര്‍ഗനിര്‍ദേശമാകുന്ന മാനവികതാ രേഖ സത്യസന്ധവുമായ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വത്തിക്കാനും യുഎഇയും വിശേഷിപ്പിച്ചു. ലോകത്തിനാകെ പുതുചരിത്രവും ശുഭസന്ദേശവുമാണ് അബുദാബി സമ്മേളനവും സംയുക്ത രേഖയുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. മതാന്തര സമ്മേളനത്തിന് പിന്നാലെ പാപ്പ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് മുസ്‌ലിം മതപണ്ഡിതരും മറ്റും അടങ്ങിയ കൗൺസില്‍ ഓഫ് എല്‍ഡേഴ്‌സ് സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഗ്രാന്‍ഡ് മോസ്‌കിലെത്തിയ മാര്‍പാപ്പക്കു ഇസ്ലാമിക പുരോഹിതരും യുഎഇ മന്ത്രിമാരും അടക്കമുള്ളവരെല്ലാം ചേര്‍ന്ന് വൻവരവേൽപ്പാണ് നൽകിയത്.

Source: www.pravachakasabdam.com