നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് ബില്‍ 2019ന്റെ കരട് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു ശക്തമായും വിവേകത്തോടും പ്രതികരിക്കണമെന്നു റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ നിയമങ്ങളില്ലെന്ന കമ്മീഷന്റെ വാദം ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്ലിനെതിരേ എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച പ്രതിഷേധസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വസ്തുക്കള്‍ ആര്‍ജിക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കാനും എല്ലാ മതങ്ങള്‍ക്കുമുള്ള അധികാരം ആരുടെയും ഔദാര്യമല്ല, അതു ഭരണഘടന നല്‍കുന്ന അവകാശമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെയാണു സഭയുടെ പ്രവര്‍ത്തനമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതു കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്. കത്തോലിക്കാ സഭയുടെ സുസംഘടിതമായ സംവിധാനങ്ങളെയും കെട്ടുറപ്പിനെയും മാറ്റിമറിക്കാനുള്ള ലക്ഷ്യം ചര്‍ച്ച് ബില്ലിനു പിന്നിലുണ്ടെന്നു മനസിലാക്കണം.

സര്‍ക്കാര്‍ നടപ്പാക്കില്ലെന്നു പറയുന്‌പോഴും ബില്ലിന്റെ പണിപ്പുരയിലുള്ളവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു സഭയിലും സമൂഹത്തിലും ബോധവത്കരണവും പ്രതിഷേധവും ആവശ്യമാണ്. ഇന്നു പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ സഭയെ സമ്മര്‍ദത്തിലാക്കും. ബില്ലിന്റെ കരട് തയാറാക്കിയ നിയമപരിഷ്‌കരണ കമ്മീഷനെതിരേയാവണം പ്രതിഷേധമെന്നും ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here