വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സൗജന്യമായി നല്‍കുവാനുള്ള തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ഫിലിപ്പീന്‍സില്‍ കൂടുതല്‍ മെത്രാന്‍മാര്‍ രംഗത്ത്. ഇക്കാര്യത്തെ അനുകൂലിച്ച് ബലാങ്ങായിലെ മെത്രാനായ റൂപ്പര്‍ട്ടോ സാന്റോസാണ് ഏറ്റവും ഒടുവിലായി രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21 മുതല്‍ രൂപതയില്‍ കൂദാശ കര്‍മ്മങ്ങള്‍ സൗജന്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനക്കും, വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്കും ഇനി മുതല്‍ പണം ഈടാക്കരുതെന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് പുറത്തുവിട്ട അറിയിപ്പിലൂടെ സാന്റോസ് മെത്രാന്‍ തന്റെ രൂപതയിലെ പുരോഹിതന്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

സഭയുടെ കാഴ്ചപ്പാടില്‍ സാമ്പത്തികം പ്രാധാന്യമുള്ള കാര്യമല്ലെന്നും, അതൊരിക്കലും ഒരു ഭാരമാകരുതെന്നും അദ്ദേഹത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇടവകകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തന്റെ രൂപതയില്‍ മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന, വിവാഹം തുടങ്ങിയ കൂദാശകള്‍ സൗജന്യമായിരിക്കുമെന്നും വിശ്വാസികള്‍ സ്വന്തം ഇഷ്ടപ്രകാരം ദേവാലയത്തിന് എന്തെങ്കിലും സംഭാവനയായി നല്‍കിയാല്‍ അത് സ്വീകരിക്കാമെന്നും അറിയിപ്പിലുണ്ട്.

മനില അതിരൂപതയിലെ നിരവധി ഇടവകകളില്‍ കൂദാശകള്‍ സൗജന്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തു ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികമായ 2021-ഓടെ മനില രൂപതയില്‍ കൂദാശകള്‍ സംബന്ധമായ സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കുമെന്ന് രൂപതയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഫാ. റോയ് ബെല്ലെന്‍ അറിയിച്ചു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here