ഭാരതത്തിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ വിശ്വാസികൾ തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്വപൂർണതയോടെ നിർവ്വഹിക്കണമെന്ന് ആഹ്വാനം ചെയ്തു ദേശീയ കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ഇലക്ഷനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്ന നേതാക്കന്മാരെയാണ് രാജ്യത്തിന് ആവശ്യം. നീതിപൂർവകമായ വോട്ടെടുപ്പിലൂടെ ഭാരതത്തിന് അനുയോജ്യമായ നേതൃത്വം ഭരിക്കുവാൻ ഇടയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമ്മതിദായക അവകാശം രാജ്യത്തോടുള്ള കടമയാണ്. അതുവഴി ഭാരതത്തിന്റെ ശോഭനമായ ഭാവിയ്ക്ക് പരിശ്രമിക്കണം. സഭയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല. മുൻ ദശാബ്ദങ്ങളിലെ ഭരണകൂടങ്ങൾ രാജ്യത്തിന്റെ പുരോഗതിയ്ക്ക് നല്കിയ സംഭാവനകൾ വലുതാണ്. അതേസമയം, പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ചിട്ടുണ്ട്. കർഷകരുടെയും ജോലിക്കാരുടെയും അവസ്ഥ ദയനീയമാണ്. സമൂഹത്തിൽ മൂല്യങ്ങൾ പിന്തള്ളപ്പെട്ടതായും സാമ്പത്തിക ലാഭത്തിന് മുൻതൂക്കം നൽകുന്ന തീരുമാനങ്ങളാണ് ഭരണകൂട നേതൃത്വം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രീയ നേതാവിന് ഉണ്ടായിരിക്കേണ്ട ഏഴ് ലക്ഷ്യങ്ങളെക്കുറിച്ചും കർദ്ദിനാൾ വിശദീകരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു സമ്പദ് ഘടന ഉണ്ടാക്കിയെടുക്കുക, ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക, ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, മതസൗഹാർദം സൃഷ്ടിക്കുക, ദേശീയ അവബോധം വളർത്തിയെടുക്കുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് അവ. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുവാൻ വിശ്വാസികളുടെ പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടാണ് മുംബൈ അതിരൂപതയുടെ അധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ സന്ദേശം സമാപിക്കുന്നത്.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here