നൈജീരിയയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസ തീക്ഷണത വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഇസ്ളാമിക തീവ്രവാദികളുടെ ഗ്രൂപ്പായ ബോക്കോ ഹറാം തീവ്രവാദികളുമായി പോരാടിക്കൊണ്ടിരിക്കുന്ന നൈജീരിയന്‍ പട്ടാളക്കാര്‍ യുദ്ധമുഖത്ത് പൊരിവെയിലില്‍ മുട്ടുകുത്തി ദിവ്യകാരുണ്യ നാഥനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. നൈജീരിയയിലെ പ്രോലൈഫ് പ്രവര്‍ത്തകയായ ഒബിയാനുജു എകിയോച്ചയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറം ലോകത്തെ കാണിച്ചത്.

വൃത്താകൃതിയില്‍ മുട്ടികുത്തിനില്‍ക്കുന്ന പട്ടാളക്കാര്‍ രാജാവെന്ന് അര്‍ത്ഥം വരുന്ന നൈജീരിയന്‍ പദമുപയോഗിച്ച് (ജീസസ് ഇഗ്വേല്‍) യേശുവിനെ സ്തുതിക്കുകയും, ആരാധിക്കുകയുമാണ്‌ ചെയ്യുന്നത്. ദിവ്യകാരുണ്യത്തെ ധൂപാര്‍പ്പണം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിന്മയുടെ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ദിവ്യകാരുണ്യത്തേക്കാള്‍ ശക്തമായതൊന്നുമില്ല എന്ന സത്യം തലക്കെട്ടായി നല്‍കിക്കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ കത്തോലിക്കാ വിശ്വാസം അതിവേഗമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. 2005-ല്‍ നൈജീരിയയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1.9 കോടിയായിരുന്നുവെങ്കില്‍ 2010-ല്‍ 5.2 കോടിയായി ഉയര്‍ന്നു. പുരോഹിതരുടേയും, സന്യസ്തരുടേയും എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവാണുള്ളത്. നൈജീരിയയിലെ കത്തോലിക്കരുടെ ആത്മീയ ശുശ്രൂഷകള്‍ക്കായി ഇപ്പോള്‍ രണ്ടായിരം കത്തോലിക്കാ വൈദികരും നാലായിരത്തോളം കന്യാസ്ത്രീകളുമുണ്ട്.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here