അതിരൂപത ചാൻസറിയുടെ പ്രവർത്തന ഫലമായി തയാറാക്കിയ മൂന്നു പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു. അതിരൂപതയിലെ മുഴുവൻ സന്യാസ സമൂഹങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഡയറക്ടറി, അതിരൂപത പ്രാദേശിക നിയമങ്ങളുടെ ക്രോഡീകരിച്ച പതിപ്പ്, അതിരൂപതാ ആർക്കൈവ്സിൻ്റെ കാറ്റലോഗ് എന്നീ പുസ്തകങ്ങൾ സെൻ്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിവ്യബലി മദ്ധ്യേ ആര്‍ച്ച് ബിഷപ്പ് സൂസപാക്യമാണ് പ്രകാശനം ചെയ്തത്.

തിരുവനന്തപുരം അതിരൂപതയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് ഡയറക്ടറി. അതിരൂപതയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമുഖം, അതിരൂപത, ഇടവകൾ, വൈദികർ, സന്യസ്തർ, സ്ഥാപനങ്ങൾ എന്നീ ആറ് വിഭാഗങ്ങള്‍ക്ക് പുറമെ ഓരോ വിഭാഗങ്ങളെയും ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ സംഘടനകളായ കൺസൽട്ടേഴ്സ്, ഫിനാൻസ് കൗൺസിൽ, സെനറ്റ് ഓഫ് പ്രീസ്റ്റ്സ്, അതിരൂപത പാസ്റ്റൽ കൗൺസിൽ, മിനിസ്ട്രികൾ (മന്ത്രാലയങ്ങൾ), ഉപദേശ സമിതികൾ, കൂടാതെ വിവിധ ഇടവകകൾ, രൂപത ഓഫിസുകൾ, സ്ഥാപനങ്ങൾ, സന്യാസ ഭവനങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

അതിരൂപതയും അജപാലന സംവിധാനങ്ങളും, വിവിധ ശുശ്രൂഷകള്‍, കൂദാശകളും കൗദാശികകളും, വസ്തുക്കളുടെ ഭരണം എന്നിവയാണ് പ്രാദേശിക നിയമഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമങ്ങളെക്കുറിച്ചുള്ള വ്യക്തത നൽകൽ, ഇടവക-ഫെറോന-രൂപതാ പ്രവർത്തനങ്ങളെ സമഗ്രമായി ക്രോഡീകരിക്കൽ, അതിരൂപതയ്ക്കുള്ളിലെ നിയമങ്ങൾക്ക് ഏകീകരണം നൽകൽ എന്നിവയാണ് ഈ പ്രാദേശിക നിയമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

അതിരൂപതാ ചാൻസലർ റവ. ഫാ. എഡിസൻ യോഹന്നാനായിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. അതിരൂപത മെത്രാപ്പോലീത്തായുടെ കൈയിൽ നിന്നും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ക്ലീറ്റസ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് പ്രഫസർ എസ് വർഗ്ഗീസ്, സെക്രട്ടറി ഡോ. സിന്ദ്യ എന്നിവരാണ് പുസ്തകം ഏറ്റുവാങ്ങിയത്.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here