ലോക നന്മക്ക് വേണ്ടിയുള്ള പാപ്പയുടെ അനുതാപ പ്രവര്‍ത്തനങ്ങളിലുംപ്രാര്‍ത്ഥനയിലും പങ്കുചേരുന്നതിനായി വത്തിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വത്തിക്കാന്റെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘വേള്‍ഡ് വൈഡ് നെറ്റ്വര്‍ക്ക് ഓഫ് പ്രെയര്‍ വിത്ത് ദി പോപ്പ്’ ശ്രംഖല നിര്‍മ്മിച്ച ‘ക്ലിക്ക് ടു പ്രേ’ ആപ്പ് ഫ്രാന്‍സിസ് പാപ്പയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ ത്രികാല ജപ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് ടാബ്ലെറ്റ് സ്വൈപ്പ് ചെയ്തുകൊണ്ടാണ് പാപ്പാ പുതിയ ആപ്പിന്റെ ഉദ്ഘാടനം നടത്തിയത്. പുതിയ ആപ്പ് വഴി വിശ്വാസികള്‍ക്ക് ഇനിമുതുല്‍ ഫ്രാന്‍സിസ് പാപ്പാക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും, പ്രാര്‍ത്ഥനകള്‍ പങ്കുവെക്കുവാനും കഴിയും.

ഒരു വെബ്സൈറ്റും (www.clicktopray.org), മൊബൈല്‍ ആപ്പും ഉള്‍ക്കൊള്ളുന്നതാണ് ‘ക്ലിക്ക് ടു പ്രേ’. ആന്‍ഡ്രോയിഡിലും ഐ‌ഓ‌എസിലും ഇത് പ്രവര്‍ത്തിക്കും. സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ എന്നീ 6 ഭാഷകളില്‍ ഈ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. മനുഷ്യവംശവും സഭയും നേരിട്ടുക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പാപ്പായുടെ മാസംതോറുമുള്ള പ്രാര്‍ത്ഥനകളില്‍ പങ്ക് ചേരുവാന്‍ അവസരം നല്‍കുന്ന ‘പ്രേ വിത്ത്‌ ദി പോപ്പ്, ദിവസേനയുള്ള പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടിയുള്ള “പ്രേ എവരി ഡേ”, ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെയുള്ള യൂസേഴ്സിന് പ്രാര്‍ത്ഥനകള്‍ പരസ്പരം കൈമാറുവാന്‍ കഴിയുന്ന “പ്രേ വിത്ത് ദി നെറ്റ്വര്‍ക്ക് തുടങ്ങിയവയാണ് ആപ്പിലെ പ്രധാന സൗകര്യങ്ങള്‍.

ആപ്പിലെ ‘പോപ്പ് ഫ്രാന്‍സിസ് ബട്ടണ്‍’ ക്ലിക്ക് ചെയ്‌താല്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രൊഫൈലായ https://www.clicktopray.org/en/user/popefrancis സന്ദര്‍ശിക്കുവാനും യൂസേഴ്സിന് കഴിയും. നാളെ പനാമയില്‍ ആരംഭിക്കുന്ന വേള്‍ഡ് യൂത്ത് ഡേ 2019-ന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമും കൂടിയാണ് ക്ലിക്ക് ടു പ്രെയര്‍. വേള്‍ഡ് യൂത്ത് ഡേക്കായി ജപമാല ചൊല്ലുവാനും, ധ്യാനിക്കുവാനും സൗകര്യമൊരുക്കുന്ന ഒരു മള്‍ട്ടിമീഡിയ വിഭാഗവും ക്ലിക്ക് ടു പ്രെയറില്‍ ഉണ്ട്.

Source: www.pravachakasabdam.com