കത്തോലിക്ക വിശ്വാസം രാജ്യത്തെത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ച് ബംഗ്ലാദേശിലെ കത്തോലിക്ക സഭ. ചിറ്റഗോങ്ങ് ആർച്ച് ബിഷപ്പ് മോസസ് എം.കോസ്റ്റ, സുവിശേഷവത്കരണ തിരുസംഘം അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കത്തോലിക്ക വിശ്വാസത്തിന്റെ അന്‍പത് പതിറ്റാണ്ടുകളുടെ സ്മരണ പുതുക്കി ആഘോഷം നടന്നത്. ആദിമ സഭയിലെ മിഷ്ണറിമാരുടേയും രക്തസാക്ഷികളുടേയും ത്യാഗം അനുസ്മരിച്ചായിരിന്നു ആഘോഷം.

1518-ല്‍ വാണിജ്യാവശ്യങ്ങള്‍ക്കായി എത്തിയ സംഘമാണ് ബംഗ്ലാ മണ്ണില്‍ ആദ്യമായി കാല്‍ കുത്തിയ കത്തോലിക്കര്‍. 1598-ൽ പോർച്ചുഗീസ് ജെസ്യൂട്ട് വൈദികൻ ഫാ.ഫ്രാൻസിസ്കോ ഫെർണാണ്ടസും 1599-ൽ ഫാ.മെൽക്കോയിര്‍ ദെ ഫൊൻസ്കയും ഫാ. ആന്ദ്രെ ബോവസും,1600-ൽ ഒരു സംഘം അഗസ്റ്റിനിയൻ മിഷ്ണറിമാരുമാണ് ബംഗ്ലാദേശിൽ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട്, പതിനേഴാം നൂറ്റാണ്ടിൽ ചിറ്റഗോങ്ങിൽ ഇരുപത്തിയൊൻപതിനായിരം ക്രൈസ്തവരായപ്പോള്‍ ശുശൂഷകൾക്കായി ദിയാങ്ങിലും ചിറ്റഗോങ്ങിലുമായി രണ്ട് ദേവാലയങ്ങൾ പണി കഴിപ്പിക്കുകയായിരിന്നു.

ആദിമ മിഷ്ണറികൾ നേരിട്ട മത പീഡനങ്ങളിലൂടെ ബംഗ്ലാദേശിലെ കത്തോലിക്ക സഭ അതിവേഗം വളരുകയായിരിന്നു. അഞ്ച് നൂറ്റാണ്ടുകളായി രാജ്യത്ത് സേവനമനുഷ്ഠിച്ച വിദേശികളും സ്വദേശികളുമായ മിഷ്ണറിമാരിലൂടെ ഇന്നത്തെ ബംഗ്ലാദേശിലെ ക്രൈസ്തവ ജനസംഖ്യ ആറു ലക്ഷത്തോളമാണ്. ഒരു യൂണിവേഴ്സിറ്റിയും പത്ത് കോളേജുകളും അഞ്ഞൂറോളം വിദ്യാലയങ്ങളും സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ പതിനാറ് ആശുപത്രികളും നൂറോളം ക്ലിനിക്കുകളും സഭയുടെ കീഴില്‍ പ്രവർത്തിക്കുന്നു. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ബംഗ്ലാദേശ്- സമൂഹ വികസനം, ദുരിതാശ്വാസ പ്രവർത്തനം, മാനവശേഷി പുരോഗമനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. ഇംഗ്ലീഷ് മിഷ്ണറിയായ വില്ല്യം ക്യാരിയാണ് ബംഗാളി ഭാഷയിലേക്ക് ബൈബിൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ തർജ്ജമ ചെയ്തത്.

Source: www.pravachakasabdam.com