ഓസ്ട്രിയയിലെ സീറോ മലബാർ സഭയെ പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയത്തിന്‍റെ കീഴിലാക്കുന്ന പ്രഖ്യാപനം വിശ്വാസികളെ അറിയിക്കുന്ന ചടങ്ങ് മാർച്ച് 3ന് മൈഡ്ലിംഗ് മരിയ ലൂർദസ് ദേവാലയത്തിൽ നടക്കപ്പെടും. യൂറോപ്പിലെ സീറോ മലബാർ സഭയ്ക്ക് തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് വത്തിക്കാൻ നടത്തിവരുന്ന നടപടികളുടെ ഭാഗമായി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഓർഡിനറിയത്ത് വഴി ഓസ്ട്രിയയിലെ മലയാളി വിശ്വാസ സമൂഹത്തിൽ ഒൗദ്യോഗികമായി അവതരിപ്പിക്കുമെന്ന് പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയത്തിന്‍റെ കാര്യാലയം അറിയിച്ചു.

11.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമ്മികനാകും. വിയന്ന സഹായ മെത്രാൻ ബിഷപ്പ് ഫ്രാൻസ് ഷാറ്ൽ, പൗരസ്ത്യ സഭകൾക്കുള്ള ഓർഡിനറിയത്തിന്‍റെ വികാരി ജനറാൾ ഫാ. യുറീ കൊളാസ, അപ്പസ്തോലിക് വിസിറ്റേഷന്‍റെ കോഓർഡിനേറ്റർ ജനറൽ ഫാ. ചെറിയാൻ വാരികാട്ട് , വിയന്നയിലെ സീറോ മലബാർ വിശ്വാസികളുടെ ചാപ്ലയിൻ ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈൻ വിൽസണ്‍ മേച്ചേരിൽ എംസിബിഎസ് എന്നിവർക്കൊപ്പം സ്ഥലത്തെ മറ്റു വൈദികരും സഹകാർമ്മികരാകും.

വി. കുർബാനയ്ക്കുശേഷം ബിഷപ്പ് ഫ്രാൻസ് ഷാറ്ലും, ഫാ. യുറിയി കൊളാസയും വത്തിക്കാൻ രൂപീകരിച്ചിരിക്കുന്ന ഓസ്ട്രിയയിലെ പുതിയ ഓർഡിനറിയാത്തിന്‍റെ ക്രമങ്ങളും, ആർഗെ ആഗുമായുള്ള തുടർബന്ധങ്ങളുടെ ക്രമീകരണവും വിശ്വാസി സമൂഹത്തെ ഒൗപചാരികമായി അറിയിക്കും.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here