ലോക യുവജന സംഗമത്തിന് ദിവസങ്ങള്‍ ശേഷിക്കെ ദക്ഷിണ കൊറിയയിൽ നിന്നും ആദ്യ സംഘം അമേരിക്കയിലെത്തി. സിയോൾ അതിരൂപത സഹായമെത്രാൻ മോൺ.പിയട്രോ ചുങ്ങ് സൂൺ- ടേക്കിന്റെ നേതൃത്വത്തിൽ നാൽപത്തിയൊന്ന് യുവജനങ്ങളടങ്ങുന്ന ടീമാണ് കോസ്റ്റ റിക്കായിലെ കാർട്ടാഗോയിൽ എത്തിയിരിക്കുന്നത്. പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ മദ്ധ്യസ്ഥതയിലുള്ള ഇടവക ദേവാലയമാണ് കൊറിയൻ സംഘത്തിന് ആതിഥ്യമേകിയത്.

പരമ്പരാഗതനൃത്തവുംഗാനങ്ങളും കോർത്തിണക്കിയാണ് അതിഥികളെ സെന്‍റ് സ്റ്റീഫൻ ഇടവകാംഗങ്ങൾ സ്വീകരിച്ചത്. കൊറിയൻ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും നൂറ്റി മൂന്ന് കൊറിയൻ രക്തസാക്ഷികളെ പ്രതിനിധാനം ചെയ്യുന്ന പെയ്ൻറിങ്ങും നന്ദിസൂചകമായി ഇടവകയ്ക്ക് യുവജന സംഘം സമ്മാനിച്ചു. സംഗമത്തിനു ഒരുക്കമായി ഈ മാസം ഇരുപത് വരെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പ്രാദേശിക സ്ഥലങ്ങൾ സന്ദർശിക്കുവാനുമാണ് യുവജനങ്ങളുടെ പദ്ധതി. തുടർന്ന് ഇരുപതിന് അവർ ആഗോള യുവജന സംഗമം നടക്കുന്ന പനാമയിലേക്ക് യാത്ര തിരിക്കും.

മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന യുവജന സംഗമം ജനുവരി 23 മുതൽ 28 വരെയാണ് സംഘടിപ്പിക്കുന്നത്. ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നതിനു ശേഷം നടക്കുന്ന യുവജന സംഗമമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് കൊറിയന്‍ യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്.

 

Source: www.pravachakasabdam.com