അബോര്‍ഷനെങ്കില്‍ വോട്ടില്ലെന്ന് തുറന്ന്‍ പറഞ്ഞു തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ ലക്ഷങ്ങളുടെ പ്രോലൈഫ് റാലി. “രണ്ടു ജീവനുകളുടെ പ്രതിരോധത്തിനായി” എന്ന ബാനറിന് കീഴില്‍ ഏതാണ്ട് 20 ലക്ഷത്തോളം പ്രോലൈഫ് പ്രവര്‍ത്തകരാണ് ഫ്രാന്‍സിസ് പാപ്പയുടെ ജന്മദേശമായ അര്‍ജന്റീനയുടെ തെരുവുകളെ ഇളക്കി മറിച്ച് റാലി നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാജ്യത്തുടനീളം 200 കേന്ദ്രങ്ങളിലായി നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ കത്തോലിക്ക മെത്രാന്മാരും, ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍മാരും, യഹൂദ, മുസ്ലീം മതനേതാക്കളും പങ്കെടുത്തു. അമ്മയുടെയും ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റേയും ജീവന്റെ സംരക്ഷണമായിരുന്നു റാലിയില്‍ മുഴങ്ങിയ പ്രധാന ആവശ്യം.

ആകാശനീല നിറത്തിലുള്ള സ്കാര്‍ഫും പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രോലൈഫ് പ്രവര്‍ത്തകര്‍ അര്‍ജന്റീനിയന്‍ തെരുവുകളെ നീലകടലാക്കി മാറ്റുകയായിരിന്നു. ‘സേവ് ദം ബോത്ത്’, ‘അബോര്‍ഷന്‍ അനുകൂലിയെങ്കില്‍ നിനക്ക് വോട്ട് ഇല്ല’, ‘പ്രോലൈഫ് ജെനറേഷന്‍’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളായിരുന്നു ജീവന് വേണ്ടി വാദിക്കുന്നവര്‍ റാലിയില്‍ ഉയര്‍ത്തിയത്. തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്സിലാണ് പ്രധാന റാലി നടന്നത്. ഏതാണ്ട് മൂന്നുലക്ഷത്തോളം ആളുകള്‍ ഈ റാലിയില്‍ പങ്കെടുത്തു. ചില സ്ഥലങ്ങളില്‍ റാലിയുടെ നീളം ഒരു മൈലോളം എത്തിയിരുന്നു.

റാലി പൂര്‍ണ്ണമായും രാഷ്ട്രീയ വിമുക്തമായിരുന്നുവെങ്കിലും, വരുവാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗര്‍ഭഛിദ്രം ഒരു പ്രധാന വിഷയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അര്‍ജന്റീനയുടെ പ്രോലൈഫ് നിയമങ്ങളെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് റാലിയില്‍ പങ്കെടുത്ത ആരും തന്നെ വോട്ട് ചെയ്യില്ലെന്നുമുള്ള മുന്നറിയിപ്പ് വേദിയില്‍ നിന്നുമുണ്ടായി. അര്‍ജന്റീനയില്‍ ഇപ്പോള്‍ ഗര്‍ഭഛിദ്രം നിയമപരമല്ലെങ്കിലും, നിയമപരമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here