നോമ്പിന്റെ അവസാന ദിനങ്ങളില്‍ പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ച എടുക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാട്ടിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും ക്രൈസ്തവ സഹോദരങ്ങളുടെ അതിജീവനത്തിന് നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ച് വത്തിക്കാന്‍. സാധിക്കുന്ന പരമാവധി തുക സംഭാവനചെയ്യണമെന്നാണ് ആഗോള ക്രിസ്ത്യന്‍ സമൂഹത്തോട് വത്തിക്കാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ മാര്‍ച്ച് 28-നാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്റെ വാര്‍ഷിക അഭ്യര്‍ത്ഥന പുറത്തുവന്നത്.

ഇതിനുപുറമേ, പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ദോ സാന്‍ഡ്രി ഇതുസംബന്ധിച്ച് ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്ക് കത്തയച്ചു കഴിഞ്ഞു. തീവ്രവാദി ആക്രമണങ്ങളും, അടിച്ചമര്‍ത്തലുകളും, ആഭ്യന്തര യുദ്ധങ്ങളും കാരണം വര്‍ഷങ്ങളോളം വിദേശങ്ങളിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിഞ്ഞതിനു ശേഷം സ്വന്തം ദേശത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കും കത്തോലിക്കരുടേയും സുമനസ്കരായ ആളുകളുടേയും സഹായം ആവശ്യമുണ്ടെന്ന് കര്‍ദ്ദിനാള്‍ സാന്‍ഡ്രി മെത്രാന്മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച പിരിവ് വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളുടെ സഹായത്തിനായി അയക്കണമെന്നും കത്തിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച സ്തോത്രക്കാഴ്ചയായി ഇവര്‍ക്ക് ലഭിച്ചത് 96 ലക്ഷം ഡോളറായിരുന്നു. ദേവാലയങ്ങളുടേയും, സെമിനാരികളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഉന്നമനത്തിനായിട്ടാണ് ഈ ഫണ്ട് ചിലവഴിച്ചത്. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയം, ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം, നസ്രത്തിലെ മംഗളവാര്‍ത്താ ബസലിക്ക, താബോറിലെ രൂപാന്തരീകണ ദേവാലയം എന്നീ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികളും, ജെറുസലേമിലെ യുവാക്കളുടെ വിദ്യാഭ്യാസപരവും, വാണിജ്യപരമായ സഹായങ്ങളും ഫ്രാന്‍സിസ്കന്‍ സഭയുടെ പക്കല്‍ എത്തിയ ഈ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. ഇറാഖി-സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള അടിയന്തിര സഹായവും ഈ ഫണ്ടില്‍ നിന്നും നല്‍കിയിരുന്നു.

Source: www.pravachakasabdam.com

LEAVE A REPLY

Please enter your comment!
Please enter your name here