വ്യക്തവും നിയതവും സുതാര്യവുമായ സംവിധാനങ്ങളിലൂടെ വരവുചെലവുകളും സാമ്പത്തിക വ്യവഹാരങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്ന സഭാസ്ഥാപനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സഭാസമൂഹത്തെ അവഹേളിക്കാനും സഭയുടെ സംവിധാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിരീശ്വര പ്രതിലോമ ശക്തികള്‍ക്കു കൈകടത്താനുമുള്ള ഇടപെടലാണ് ചര്‍ച്ച് ബില്ലെന്നു പാലക്കാട് രൂപത. ചര്‍ച്ച് ആക്ടിനെതിരേ നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. സംശയമോ തര്‍ക്കമോ ഉണ്ടെങ്കില്‍ എല്ലാം ദുരീകരിക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ സഭയിലും സിവില്‍ ഭരണ സംവിധാനത്തിലും നിലവിലുണ്ട്. പിന്നെ എന്തിനാണ് ചര്‍ച്ച് ബില്ല് എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആശങ്കയറിയിച്ചു.

വ്യക്തവും നിയതവും സുതാര്യവുമായ സംവിധാനങ്ങളിലൂടെയാണ് സഭാസ്ഥാപനങ്ങള്‍ അതിന്റെ വരവുചെലവുകളും സാമ്പത്തിക വ്യവഹാരങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്നത്. കാലാകാലങ്ങളില്‍ പൊതുയോഗവും നിയതമായ സമിതികളും എടുക്കുന്ന തീരുമാനങ്ങളും നടപടികളും വരവുചെലവുകളും സഭാതലത്തിലും ഗവണ്‍മെന്റ് നിയമമനുസരിച്ചും ഓഡിറ്റ് ചെയ്യുകയും റിട്ടേണുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നവയാണ്. സഭാംഗങ്ങള്‍ ഇക്കാര്യത്തില്‍ അറിവുള്ളവരും ഇത് അംഗീകരിക്കുന്നതുമാണ്.

പക്ഷപാതപരവും അനാവശ്യവും അപകീര്‍ത്തികരവുമായ ഈ ബില്ലിനെതിരേ പ്രതികരിക്കാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ന്യൂനപക്ഷമായ സഭാസമൂഹത്തെ ചില നിഗൂഢ അജന്‍ഡയുടെ വെളിച്ചത്തില്‍ ചെളിവാരിയെറിഞ്ഞ് ഭൂരിപക്ഷ സമൂഹങ്ങളുടെ മധ്യത്തില്‍ നികൃഷ്ടമെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്നു യോഗം വിലയിരുത്തി. വേണ്ടിവന്നാല്‍ അതിശക്തമായ പ്രതിഷേധത്തിനും സമരത്തിനുമുള്ള നീക്കങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ യോഗം ജാഗ്രതാസമിതിയെ നിയോഗിച്ചു.

Source: www.pravachaksabdam.com

 

LEAVE A REPLY

Please enter your comment!
Please enter your name here