ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭരണപരമായ ശുശ്രുഷകളിൽ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാൾമാരെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. മുഖ്യ വികാരി ജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാൾമാരായി വെരി റെവ. ഫാ. ജോർജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ വികാരി ജനറാളായി തുടരും. വികാരി ജനറാൾമാരായിരുന്നു റെവ. ഡോ. തോമസ് പറയടിയിൽ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ.

പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരിയായി റെവ. ഫാ. ബാബു പുത്തെൻപുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങൾക്കായി ഫിനാൻസ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്. നാല് വികാരി ജനറാൾമാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളിൽ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് – മിഡിൽസ്ബറോ, വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ – മാഞ്ചസ്റ്റർ, വെരി റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ – ലെസ്റ്റർ, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് – ലിവർപൂൾ).

മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസികൾക്ക് പൊതുവായ കാര്യങ്ങളിൽ രൂപതാ നേതൃത്വത്തെ സമീപിക്കാൻ ഈ ക്രമീകരണം കൂടുതൽ സഹായകരമാകുമെന്ന് രൂപതാധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂർണ്ണമായി പ്രവർത്തനക്ഷമമാകാൻ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകും. കേരളത്തിലെ സീറോ മലബാർ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് നാല് വികാരി ജനറാൾമാർ എന്നതും ഈ നിയമനങ്ങളിൽ ശ്രദ്ധേയമാണ്.

Source: www.pravachakasabdam.com

 

 

Follow this link to join Catholic Focus’WhatsApp group to get daily Catholic news:

https://chat.whatsapp.com/HWhs85Sxbk76nBKQmapkj8

LEAVE A REPLY

Please enter your comment!
Please enter your name here