ആഗോള കത്തോലിക്കാ സഭ യുവജന വർഷത്തിന് സമാപനം കുറിച്ചിരിക്കുന്ന ഈ അവസരത്തിൽ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തെ ആഗോള തലത്തിൽ ഉയർത്തിക്കാട്ടുവാൻ വേണ്ടി ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യം വെച്ചു കൊണ്ട്, ഞായറാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ  എൽ.സി വൈ.എം  ഉണ്ടൻകോട് ഫെറോന സമിതിയുടെ നേതൃത്വത്തിൽ നാന്നൂറോളം യുവജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ഒരു കിലോമീറ്റർ നീളവും  10 അടി വീതിയുമുള്ള ഔദ്യോഗിക പതാക പ്രയാണം നടത്തി.
ലോകചരിത്രത്തിലാദ്യമായിട്ടാണ് ഒരു കത്തോലിക്കാ സംഘടനയുടെ ഔദ്യോഗിക പതാക ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ പോകുന്നത്. ഫെറോന സമിതിയുടെ നേതൃത്വത്തിൽ ഏകദേശം എൺപതിനായിരം രൂപ ചിലവിൽ മൂന്നൂ തയ്യൽക്കാർ മൂന്നു ദിവസം കൊണ്ടാണ് പതാക പ്രയാണത്തിനു വേണ്ടിയുള്ള പതാക തയ്യാറാക്കിയത്.
കാൽവരി മലയിൽ ക്രിസ്തുനാഥൻ സ്വയം യാഗമായി മാറിയതിന്റെ അനുസ്മരണത്തിന് തുടക്കം കുറിക്കുന്ന തെക്കൻ കുരിശുമല തീർത്ഥാടന ഉദ്ഘാടനദിനമാണ്  ഇങ്ങനെയൊരു ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി  ഫെറോന സമിതി തെരഞ്ഞെടുത്തത് എന്നത് ഈ പതാക പ്രയാണത്തെ ഏറെ ശ്രദ്ധേയമാക്കി.
ഈ മഹത്തായ സംരംഭത്തിന്റെ പ്രാഥമിക ഘട്ടം മുതൽ ഫെറോന സമിതിയ്ക്ക് വേണ്ട നിർദ്ദേശങ്ങളുമായി പ്രസിഡന്റ് ശ്രീ ആനന്ദ്, മോൺ. വിൻസെന്റ് കെ പീറ്റർ, ഫാ.ജോഷി രഞ്ജൻ, ഫാ.പ്രദീപ് എന്നിവർ പ്രചോദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here